Wednesday, September 28, 2011

വിരുന്നുകാരന്‍

ഔചിത്യം തീരെയില്ലാത്ത വിരുന്നുകാരനെ കാത്തു

മരച്ചുവടുകളില്‍ മഴയും നഞ്ഞു ഞാനും നടക്കുന്നു.

 മഴയോടെനിക്ക് പ്രണയമാണ്, കടലിനോടും അതെ

എങ്കിലും അവനെ തന്നെയാണ് കാത്തിരിക്കുന്നത് താനും 
 
ഇന്നലെയും ഇന്നും നാളെയും

അവന്‍ എന്നും ഉണ്ടാകും

നീണ്ടു മുന്നോട്ടുകിടക്കുന്നു എന്ന് തോന്നുന്ന വഴിയില്‍

ഏതു വളവിലാണ് അവന്‍ എന്നെക്കാത്ത് ഒളിച്ചിരിക്കുന്നത്

 അവനെ കാണാത്തവര്‍ക്ക് അവനെ കാണാന്‍ കാഴ്ചയില്ല
കണ്ടുമുട്ടുന്നവരാകട്ടെ കണ്ണടക്കുന്നു

ആരോട് ചോദിക്കും  ഞാന്‍ അവനെ പറ്റി

ആര്‍ക്കും അറിയില്ലല്ലോ അവനെ


തൊട്ടു നില്‍ക്കുമ്പോള്‍ പോലും ആരുടേയും കണ്ണില്‍ പെടാതെ എങ്ങനെ ആണവന്‍  ഒളിച്ചു കളിക്കുന്നത്

പുരസ്ക്കരങ്ങളുടെ തിളകമോ, തോങ്ങലോ  ഇല്ലാതെ തന്നെ അവന്‍ പ്രശസ്തനാണ്

എന്നിട്ടും ആരും  അവനെ തിരിച്ചറിയുന്നില്ലല്ലോ..

 അവനെ  തീവ്രമായി മോഹിച്ചു  കാത്തിരുന്ന 
 രാത്രികള്‍  എത്ര ..പകലുകള്‍ എത്ര..

വിരലുകളില്‍ നിറങ്ങള്‍  പടരുന്നതിന് മുമ്പേ 
എന്നെ കൂടെകൂട്ടൂ എന്ന് ചോദിച്ചത് എത്ര തവണ.. 
എന്റെ ചഷകം ദൂരെ ഇരിക്കെ തന്നെ ..

 രാത്രികളില്‍ ഇപ്പോഴും


ആകാശങ്ങളിലെ നക്ഷത്രങ്ങളുടെ എണ്ണം കൂടിയും

കുറഞ്ഞും കൊണ്ടേ ഇരിക്കുന്നത് ഞാന്‍ കാണുന്നു. 

Sunday, September 18, 2011

എന്റെ പ്രണയംഎന്റെ പ്രണയം എരിയുന്ന  അഗ്നിപോലെ
ദൂരെ നില്‍ക്കുമ്പോള്‍ അത് നിന്നെ ആകര്‍ഷിച്ചു എന്നത് സത്യം..
അടുത്ത് വന്നപ്പോള്‍ നിനക്ക് അത് ആശ്വാസമായി
മരവിപ്പിക്കുന്ന പുറത്തെ തണുപ്പില്‍ നീ എന്നെ സ്നേഹിച്ചു.
നിന്റെ കാല്‍ വിരലുകളില്‍   എന്റെ ചൂട് നിറഞ്ഞു

 നിന്റെ സിരകളിലെ രക്തം
എന്റെ നാളങ്ങള്‍  പോലെ ആര്‍ത്ത് ഒഴുകി

എന്റെ കനലുകളില്‍ ആവേശം ഉണര്‍ന്നു
 എന്റെ നാളങ്ങള്‍ നിന്റെ പ്രണയത്തില്‍ ജ്വലിച്ചു നിന്നു

നിന്റെ കൈ പോള്ളികാനും എനിക്കറിയാം...!!! 
അല്ലെങ്കില്‍  നീ എന്തെ ചുവടുകള്‍ പിന്നോട്ട് വച്ചു?

എന്റെ അഗ്നിക്ക് നിന്നെ പൊള്ളിക്കാന്‍ ആവില്ല..
എന്നിട്ടും നിന്റെ കണ്ണില്‍ ഭയം ..!!

നില നില്‍പ്പിന്റെ ശാസ്ത്രം..' ഭയം ഒരു ബുദ്ദിയാകുന്നു.'

 എന്നാലും എന്തോ
തണുത്ത, വെള്ള  പ്രകാശം പരത്തുന്ന ട്യൂബ് ലൈറ്റ് ആകുന്നതിലും എനിക്കിഷ്ടം
ഈ അഗ്നി ആയി ഇരിക്കാന്‍ തന്നെയാണ്


Thursday, July 07, 2011

കുപ്പിവളകള്‍

 നീ ഒരുപക്ഷെ ഓര്‍ക്കുന്നുണ്ടാവില്ല

പണ്ട് ഞാന്‍ നിനക്ക് തന്ന കുപ്പിവളകളെ പറ്റി

അമ്മ എനിക്ക് തന്നവയായിരുന്നു..അവ

വെള്ളിനിറത്തില്‍ ചുവന്ന പൂക്കളോടുകൂടിയ

ആ വളകള്‍ കയ്യില്‍ കിട്ടിയപ്പോള്‍

ഞാന്‍ ആദ്യം നിന്നെയാണ് ഓര്‍ത്തത്‌..പൂവിതള് പോലത്തെ നിന്റെ കൈകളിലേക്ക് അത് തന്നപ്പോള്‍

നിന്റെ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു ,

നീ ചിരിച്ചു ... നിന്നെ സന്തോഷിപ്പിക്കാന്‍

എന്തും ചെയ്യാന്‍ എനിക്കിഷ്ടമായിരുന്നു


പിന്നെ സ്കൂളിനു പിന്നിലെ ആ പരന്ന കല്ലില്‍ കയറിയിരുന്നു നീയതു ഓരോന്നായി പൊട്ടിച്ചത് , എന്നെ നോക്കി ചിരിച്ചത്..

നീ അപ്പോള്‍ പറഞ്ഞതൊന്നും ഞാന്‍ കേട്ടിരുന്നില്ല

എന്‍റെ കണ്ണില്‍ വന്ന നനവ്‌ നീ കണ്ടിരിക്കില്ല.നമ്മള്‍ തിരിച്ചു പോന്നപ്പോള്‍

നീ കാണാതെ ഞാനാ വളപ്പോട്ടുകളില്‍ പാളിനോക്കിയിരുന്നു

പിന്നെയെപ്പോഴോ ഞാന്‍ അവ പെറുക്കിയെടുക്കാനും ശ്രമിച്ചിരുന്നു

നീ ഇത് വല്ലതും ഓര്‍ക്കുന്നുണ്ടോ?

അല്ല! നീയിതു എവിടെപ്പോയി ?

പളുങ്ക് മാല

ഈ പളുങ്ക് മാല കോര്‍ത്തിരിക്കുന്ന വര്‍ണ്ണനൂല്‍ വിറക്കുന്നു

ഈ പളുങ്ക് മണികള്‍ക്ക് വല്ലാത്ത ഭാരം

നൂല് വിടരുന്നു പൊട്ടി പോകുന്നു

ഇരുകൈകളും കൊണ്ട് ഞാന്‍ അതു താങ്ങുകയാണ്

അവസാന ഇഴയും വിറക്കുന്നു ...

പ്രതീക്ഷകള്‍ കൈവിടാനുള്ളവയല്ലേല്ലോ

വിടരും മുമ്പേ വാടിപ്പോയ എന്‍റെ പൂമൊട്ട്

തളര്‍ന്നു കുമ്പിട്ടു മണ്ണിനെ ചുംബിച്ചു മുഖം പൊതി തേങ്ങുന്നു

ഞാന്‍ എന്തു ചെയ്യാന്‍ ഒരു തുള്ളി കണ്ണീര്‍ പൊഴിക്കുക അല്ലാതെ

(1995 )

ഞാന്‍

നിമിഷങ്ങള്‍ വെറുതെ പെയ്തിറങ്ങുകയാണ്‌

ഞാന്‍ വല്ലാണ്ട് നനഞ്ഞഒലിച്ചിരിക്കുന്നു

അവ എന്‍റെ മുടി നാരുകളുടെ കാളിമ ഒഴുക്കി കളയുന്നു

നെറ്റിത്തടം ശൂന്യമാണ്

.മുടി ഇഴയുന്ന മുഖത്ത് ഇളം ചോപ്പ് നിറത്തില്‍

കലങ്ങിയ കണ്ണുകള്‍

കവിളിലൂടെ ഒലിച്ചിറങ്ങുന്ന ചാലുകള്‍

അവിടെ ഇവിടെയായി കരിവാളിച്ചു കിടക്കുന്ന ചതവിന്റെ പാടുകള്‍

ഖിന്ന ഭാവം

നിറം മങ്ങിയ ചുണ്ടുകളില്‍ പക്ഷെ വികൃതമായ ഒരു പുഞ്ചിരിയുണ്ട്

വേദനയില്‍ പൊതിഞ്ഞു ചായം പൂശിയ ഒന്ന്.

മഴ ഇനിയും തോര്‍ന്നിട്ടില്ല....

ഇപ്പോള്‍ എന്‍റെ മുടിക്ക് വെളുത്ത നിറമാണ്..

ഒലിച്ചിറങ്ങിയ കറുപ്പ് നിറം എന്‍റെ മുഖമാകെ പടര്‍ന്നിരിക്കുന്നു

മുഖം നിറയെ ചുളിവുകള്‍..

ഞാന്‍ ഞെട്ടി ഉണര്‍ന്നു..

എന്‍റെ കയ്യില്‍ ഇറുക്കിപിടിച്ച ഒരു പേന മാത്രം..!!

(1995 )

ചുവര്‍ചിത്രങ്ങള്‍

ഇത്ര കാലം ഞാന്‍ എന്‍റെ മനസ്സിനോട്

കടംകഥകള്‍ പറയുകയായിരുന്നു ,

മണ്ണില്‍ കളിച്ചു ചെളിപുരണ്ട കൈകളാല്‍

മനസിന്‍റെ വെള്ള ചുവരുകള്‍

ഞാന്‍ വല്ലാണ്ട് വൃത്തികേടാക്കിയിരിക്കുന്നു

കഴുകിത്തുടക്കാന്‍ ആവതായിട്ടും എന്‍റെ കൈകള്‍

എന്തെ മടിച്ചുവെന്നു ഞാന്‍ വിസ്മയിക്കുകയായിരുന്നു..ഇപ്പോള്‍ മാത്രമാണ് കാണുന്നത്,

ചുവരില്‍ ഞാന്‍ കോറിയിട്ട ചിത്രങ്ങള്‍ ..


അവയില്‍ തെളിഞ്ഞു കത്തുന്ന സൂര്യ രശ്മികള്‍..

ചെളിയില്‍ വിരിഞ്ഞു നില്‍ക്കുന്ന താമരകള്‍..

കൌതുകം വിട്ടുമാറാത്ത കണ്ണുകള്‍

കാറ്റില്‍ പറക്കുന്ന മുടിയിഴകള്‍

പ്രണയം മാത്രം ശ്വസിക്കുന്ന ഹൃദയം..!

മഴത്തുള്ളി

മഴ എന്നും എനിക്കിഷ്ടമാണ്

ഒരു കുറുമ്പിക്കുട്ടിയെപോലെ മഴയതെക്കിറങ്ങി ഓടാന്‍

എത്ര തവണ മനസ്സ് വെമ്പിയിട്ടുണ്ട്

മാനത്തെ വിശേഷങ്ങളുമായി വരുന്ന

ഓരോ മഴത്തുള്ളിയെയും സ്വീകരിക്കാന്‍

എല്ലാ മഴത്തുള്ളികളുടെയും സ്പര്‍ശനം ഏല്‍ക്കാന്‍എത്ര ദൂരത്ത് നിന്നാണ് അവ വരുന്നത്

ഭൂമിയിലെത്തുമ്പോള്‍ വീടണയുന്ന യാത്രികന്റെ മനസ്സാവില്ലേ അവയ്ക്ക് ?

മുറ്റത്തുവലിച്ചു കെട്ടിയിരിക്കുന്ന കമ്പി അയയിലൂടെ

ഇത്ര ധൃതികൂട്ടി അവയെല്ലാം എങ്ങോട്ടാണ് ഓടിപോകുന്നത്?

ഒന്ന് ഒന്നിനോട് ചേരുന്നു

അവ ഒന്നായി വീണ്ടും നീങ്ങുന്നു, സ്പര്‍ധയില്ല ദുരയില്ല

ഒരു കാറ്റ് വന്നാല്‍ താഴേ വീണേക്കാം...

എങ്കിലും .. ആ നിമിഷത്തില്‍

ഉള്ളില്‍ സംതൃപ്തിയുടെ തിളക്കം മാത്രംഒരു മഴത്തുള്ളിയാവാന്‍ ആശിച്ചു പോകുന്നു

ഒടുവില്‍ ഭൂമിയുടെ മാറില്‍ താഴും വരെ.

നിഷ്കളങ്കതയുടെ കുളിര് ഉള്ളില്‍ പേറുന്ന ഒരു പളുങ്ങ് മണി ആവാന്‍

(1995 )

Tuesday, May 03, 2011

മുരിങ്ങപ്പുക്കള്‍

വിദേശത്തെ വെള്ളം പിണങ്ങി നിന്നതിനാല്‍ കുറഞ്ഞു കുറഞ്ഞു വരുന്ന എന്‍റെ  കേശഭാരത്തിനു ഒരു ഗൃഹാതുരത്വം  നിറഞ്ഞ അനുഭൂതി ആയിക്കോട്ടെ എന്ന് കരുതിയാണ് കുറച്ചു ചെമ്പരത്തി ഇലകള്‍ പറിക്കുവാന്‍ ഞാന്‍ മുറ്റത്തേയ്ക്ക് ഇറങ്ങിയത്. കാറ്റുവന്നു തല തഴുകി.. എന്ത് മനോഹരമായ സന്ധ്യ!!

എന്നെ വരവേല്‍ക്കാന്‍ എന്ന പോലെ ഞങ്ങളുടെ കൊച്ചു പൂന്തോട്ടത്തിലെ ലൈറ്റുകള്‍ എല്ലാം ഒന്നൊന്നായി തെളിഞ്ഞു. ഇവിടെ അങ്ങനെയാണ് ഇരുട്ടിനു കനം കൂടുമ്പോള്‍ വിളക്കുകള്‍ താനെ തെളിയും. മനസുകളില്‍ ദുഖങ്ങളെ വകഞ്ഞു മാറ്റി സന്തോഷം  തെളിയുന്ന  പോലെ!!  .പൂവുകള്‍ വെളുക്കെ ചിരിച്ചു നില്‍ക്കുന്നു..!! പുല്ലില്‍ നിറയെ മുരിങ്ങപ്പൂവുകള്‍ വീണു  കിടക്കുന്നു ... ചെമ്പരത്തിയിലകളെ   മറന്നു ഞാന്‍ മുരിങ്ങ പൂവുകള്‍ പെറുക്കുവാന്‍ തുടങ്ങി..

മുരിങ്ങ പൂവുകള്‍ക്ക് ഒരു പ്രിത്യേക  ആകൃതിയാണ് ..ഒരു വിരല്‍ ഉയര്‍ത്തി നില്‍ക്കുന്ന ഒരു നാട്യ മുദ്രയേയോ മറ്റോ ഓര്‍മ്മിപ്പിക്കുന ഒരു ആകൃതി.

 ഇവിടെ വന്നതിനു ശേഷമാണ് മുരിങ്ങപ്പൂവുകള്‍ കറിവയ്ക്കാന്‍ പറ്റിയ ഒരു സാധനം ആണെന്ന് ഞാന്‍ മനസ്സിലാകിയത്. അതിനു മുമ്പ് മുരിങ്ങയുടെ കയ്കളെ കുറിച്ചും ഇലയെ കുറിച്ചും തോലിയെ കുറിച്ചും  ഒക്കെ മാത്രമേ ഞാന്‍   കേട്ടിരുന്നുള്ളു. ഇങ്ങനെ പോയാല്‍ നമ്മുടെ കല്പ വൃക്ഷമായ തെങ്ങിന് ഒരു മത്സരം ആവുമല്ലോ ഈ മുരിങ്ങ, എന്നാണ് ഞാന്‍ അത് കേട്ടപ്പോള്‍ ഓര്‍ത്തത്,

 ഒരു കണക്കിന് ഈ പ്രകൃതിയില്‍ ഒന്നും ഉപകാരമില്ലാതെയില്ല എല്ലാത്തിനും അതാതിന്റേതായ ക്രമം. അതിന്റെ കര്‍മം ഒക്കെയുണ്ട്..!! എന്തിനയാണോ താന്‍ ഉണ്ടാകപെട്ടിരിക്കുന്നത് അതില്‍  എത്തിച്ചേരാനുള്ള പരിശ്രമത്തില്‍ ആണ് എല്ലാം.. നമ്മുടെ ലക്‌ഷ്യം സ്വപ്നം എല്ലാം അതാണ്‌..!!

 കൈകുമ്പിളില്‍  നിറയെ മുരിങ്ങപൂകള്‍ പെറുക്കിയെടുത് .. ഞാന്‍ ഓര്‍ത്തു .. ഹായ് ഇവ  മുല്ലപ്പുക്കള്‍ പോലെ തോന്നുന്നല്ലോ..!! മുല്ലപ്പൂക്കള്‍  ആയിരുന്നെങ്കില്‍  എന്ന്!!... നാം ഇപ്പോഴും അങ്ങനെയാണല്ലോ.. ഗുണത്തെകാള്‍  ഏറെ ഇന്ദ്രിയങ്ങളുടെ തൃപ്തി ആണല്ലോ നമ്മെ പെട്ടന്ന് ആകര്‍ഷിക്കുന്നത്..ഗുണത്തിന്റെ കാര്യത്തില്‍ മുല്ലപ്പുകളെകാള്‍  എത്രയോ മേലെയാണ് മുരിങ്ങപ്പുക്കള്‍ . മനുഷ്യന്‍റെ വിശപ്പടക്കാന്‍ സാധിക്കുക.. അതും ഗുണപ്രദമായി ചെയ്യാന്‍ കഴിയുക എന്നതില്‍ കവിഞ്ഞു ഒരു പൂവിന്റെ ആത്മനിര്‍വൃതിക്ക്    മറ്റെന്തു വേണം?

നേരത്തെ എന്നെ സഹായിക്കാന്‍ നിനിരുന്ന ചേച്ചി പറയുമായിരുന്നു ആ പൂങ്കുലകള്‍ ഒന്നോടെ പറിച്ചെടുത്തു കറിവച്ചാല്‍ പോരെ എന്ന്.. എന്നാല്‍ എന്തോ എനിക്കതൊരു വേദനയായിരുന്നു.. ഞാന്‍ പറയും "ഓരോ പൂവും അതിന്റെ സ്വന്തം ഇഷ്ടത്തോടെ പൊഴിഞ്ഞു താഴേക്ക്‌ വരട്ടെ, വെറുതെ  നിലത്തു കിടന്നു അഴിയാതെ  ഞാന്‍ അവയെ പുതുമ കളയാതെ എടുത്തു പ്രയോജനത്തില്‍ കൊണ്ടുവന്നോള്ലാം" എന്ന്..പക്ഷെ പലപ്പോഴും അത് സംഭവിക്കാറില്ല പുഉവുകള്‍ പൊഴിഞ്ഞു കൊണ്ടേയിരിക്കും എങ്കിലും അവയുടെ ജീവിതത്തിനു ഒരു അര്‍ത്ഥമുണ്ടയതായി എനിക്ക് തോന്നും , ഒരു പൂവായി ഇരുന്നതിന്റെ പൂര്‍ണ ചക്രം തിരിഞ്ഞു താഴേക്ക്‌ വന്നതാണല്ലോ എന്ന്.. ഒരു കായ്ക്ക് ജന്മം  കൊടുക്കാന്‍ സാധിച്ചോ ഇല്ലയോ എന്നല്ല ..പകരം അതിന്റെ ആത്മ സാക്ഷത്കാരത്തില്‍ എത്തി ചേര്‍ന്നിരിക്കുന്നു എന്നൊരു ചിന്ത...!!
എത്ര പൂക്കളാണ്  സമൂഹത്തിന്റെ ഉയര്‍ത്തിക്കെട്ടിയ വേലികളില്‍ തട്ടി  പൊഴിഞ്ഞു വീഴുന്നത്.. എത്ര പൂവുകള്‍ ആണ് സമൂഹത്തിന്റെ ഭംഗി കൂട്ടാനിയി   മാത്രം സ്വത്വം തിരിച്ചറിയപെടാതെ പൂപാത്രങ്ങളില്‍ ഉള്ളു ചീഞ്ഞു മരവിച്ചു ചിരിച്ചു നില്‍ക്കുന്നത്..

ഞാന്‍ എന്തിനു മരത്തില്‍ കുലച്ചു കിടക്കുന്ന പൂകളെ ആക്രമിക്കണം.?. മരച്ചുവട്ടിലെ പച്ചപുല്ലില്‍ പവിഴങ്ങള്‍ പോലെ പൂവുകള്‍ ഒരു കെടും പറ്റാതെ മരം തന്നെ വാരി വിതറിയിട്ട് തരുമ്പോള്‍.!! പൂവുകള്‍ അവയുടെ എല്ലാ സന്തോഷങ്ങളും   അനുഭവിച്ചതിനു ശേഷം തൃപ്തരായി  എന്റെ കൈകളിലേയ്ക്ക് എത്തട്ടെ..!!

ഒരു പൂവിനു പോലും അവകാശമുണ്ട് അതിന്റെ ജന്മ സാഭല്യം നേടാന്‍ മനുഷ്യര്‍ക ഇത് ഇനി എന്നാണാവോ മാനസിലാകുക..!!
അവര്‍ കുട്ടികള്‍   ജനിക്കും മുമ്പേ പദ്ധതികള്‍ തയ്യാറാക്കുന്നു..!!  സമൂഹം     അവന്റെ വഴികളില്‍ എങ്ങും മുള്ള് വേലികള്‍ വലിച്ചു കെട്ടുന്നു.. മറ്റുള്ളവര്‍ അവന്റെ ലക്‌ഷ്യം, ജീവിതം എല്ലാം തീരുമാനിക്കുന്നു. എന്തിനു ? പ്രണയം പോലും അവര്‍ തീരുമാനിക്കും. ! അവനും  തീരുമാനങ്ങള്‍  എടുക്കാം എന്നാല്‍ അവനവനെ കുറിച്ചല്ല .. മറ്റുള്ളവരെക്കുറിച്ച്. !! എന്തൊരു വിരോധാഭാസം..!!
മനുഷ്യന്‍ നിരന്തരമായ ഇമോഷണല്‍  ബ്ലാക്ക്‌ മെയിലിങ്ങിനു വിധേയനായിക്കൊണ്ടിരിക്കുന്നു..!! തുടക്കം മുതല്‍ ഒടുക്കം വരെ. ഇരയും വേട്ടക്കാരനും അവന്‍ തന്നെ.. !! പിന്നെ ആര് ആരെ തിരുത്താന്‍..!!
 ഒന്നുങ്കില്‍  ഒഴുക്കില്‍ നീന്തി തീരുക.., ഇല്ലെങ്ങില്‍ തിരിച്ചു നീന്തി കല്ലേറുകള്‍ ഏറ്റു വാങ്ങാന്‍ തയ്യാറാകുക..ഇല്ലെങ്കില്‍ .. മുങ്ങാം കുഴിയിട്ട് നീന്തുക ആരും അറിയില്ല നീ എങ്ങോട്ടാണ് നീന്തുന്നത് എന്ന്..!! എന്നാല്‍ ശ്വാസം കഴിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യന് അതെങ്ങനെ സാധിക്കും?
ഇനി ഒന്നേ ചെയ്യാനുള്ളൂ..
മുരിങ്ങപ്പൂവുകള്‍  വീട്ടില്‍ കൊണ്ടുവച്ച് വന്നിട്ട് ചെമ്പരത്തിയിലകള്‍    പറിക്കുക അത്രതന്നെ..!!

Tuesday, February 22, 2011

പകലിലേക്ക് എത്തിനോക്കുന്ന രാത്രി
നേര്‍ത്തു നേര്‍ത്ത് ഒരു പൂവിതളോളം നേര്‍ത്ത ചന്ദ്രികയെ നോക്കി തലകുലുക്കിയാണ് ആ രാത്രി എത്തിയത് . അപ്പോള്‍  പകല്‍ പിരിഞ്ഞു പോയിട്ടുണ്ടായിരുന്നില്ല . പിരിയാനായി അവള്‍ കൂടാക്കിയുമില്ല അവളുടെ സ്വകാര്യതയെ വെല്ലുവിളിച്ചുകൊണ്ട്‌ രാത്രിയും അവിടെ തന്നെ നില്പായി.ദേഷ്യം കൊണ്ട് ചുവന്ന മുഖം തിരിച്ചു കടലിലേക്ക്‌ നോക്കി പകല്‍ തുടിതു നിന്നു. കടലില്‍ കുളിക്കാനായി കാലുകള്‍ തിരമാലകളില്‍ തോട്ടതെ ഉള്ളു ,അതാ പകലിലെക്കെതിനോക്കുന്നു.. രാത്രി.. കയ്യിലിരുന്ന കുമകുമ ചെപ്പ് ഊക്കില്‍  രാത്രിയുടെ മുഖത്തേയ്ക്കു വലിച്ചെറിഞ്ഞു നടന്നു പോകാനേ പാവം പകലിനു കഴിയുന്നുള്ളൂ...കാരണം രാത്രിയുടെ ഹൃദയത്തില്‍ ഒളിപ്പിച്ച കറുപ്പല്ലല്ലോ പകലിന്റെ ഉള്ളില്‍ തിളക്കുന്നത്‌ . മൃഗങ്ങള്‍ മുരളുന്ന രാത്രിയുടെ ശബ്ദമല്ലല്ലോ പകലിന്റെ സംഗീതം..!!
ഒന്നും അറിയാതെ കടല്‍തിരകള്‍ ആര്‍ക്കുവേണ്ടിയോ അലറി വിളിച്ചുകൊണ്ടിരിക്കുന്നു  ...

Sunday, January 16, 2011

ഒരു രസം..!!


മഴയില്ലാതെ പോലും കുട്ടികള്‍


കുടചൂടി മഴനനയാതെ ഒതുങ്ങി നടക്കുന്നത് കണ്ടിട്ടില്ലേ?

അത് പോലെ ഒരു രസം ..!!

എന്‍റെ മഴ എവിടെയോ തകര്‍ത്തു പെയ്യുന്നു!!

ഇവിടം വരെയെത്തുന്ന മഴയുടെ കയ്യില്‍ പിടിച്ചു.

വെള്ളത്തില്‍ തെന്നിവീഴാതെ ,

കാലുകള്‍ കൊണ്ട് മഴവെള്ളം തെറിപ്പിച്ചുള്ള നടത്തം പോലെ..!!

കാറ്റത്തു പാറി വീഴുന്ന മഴചീളുകള്‍ ശരീരത്തില്‍ ഉണ്ടാക്കുന്ന പുളകങ്ങള്‍ പോലെ..
മുഖത്തും ചുണ്ടിലും തലമുടിയിഴകളിലും തങ്ങി നില്‍ക്കുന്ന

മഴകണങ്ങളില്‍ തോടും പോലെ..

മഴയെ പ്രണയിച്ച് ഉള്ളു നനഞ്ഞ , ഈ കാറിന്‍റെ ചില്ലില്‍ വിരല്‍ ചിത്രം വരയ്ക്കുന്ന പോലെ..

ഒരു രസം..!!