Tuesday, May 03, 2011

മുരിങ്ങപ്പുക്കള്‍





വിദേശത്തെ വെള്ളം പിണങ്ങി നിന്നതിനാല്‍ കുറഞ്ഞു കുറഞ്ഞു വരുന്ന എന്‍റെ  കേശഭാരത്തിനു ഒരു ഗൃഹാതുരത്വം  നിറഞ്ഞ അനുഭൂതി ആയിക്കോട്ടെ എന്ന് കരുതിയാണ് കുറച്ചു ചെമ്പരത്തി ഇലകള്‍ പറിക്കുവാന്‍ ഞാന്‍ മുറ്റത്തേയ്ക്ക് ഇറങ്ങിയത്. കാറ്റുവന്നു തല തഴുകി.. എന്ത് മനോഹരമായ സന്ധ്യ!!

എന്നെ വരവേല്‍ക്കാന്‍ എന്ന പോലെ ഞങ്ങളുടെ കൊച്ചു പൂന്തോട്ടത്തിലെ ലൈറ്റുകള്‍ എല്ലാം ഒന്നൊന്നായി തെളിഞ്ഞു. ഇവിടെ അങ്ങനെയാണ് ഇരുട്ടിനു കനം കൂടുമ്പോള്‍ വിളക്കുകള്‍ താനെ തെളിയും. മനസുകളില്‍ ദുഖങ്ങളെ വകഞ്ഞു മാറ്റി സന്തോഷം  തെളിയുന്ന  പോലെ!!  .പൂവുകള്‍ വെളുക്കെ ചിരിച്ചു നില്‍ക്കുന്നു..!! പുല്ലില്‍ നിറയെ മുരിങ്ങപ്പൂവുകള്‍ വീണു  കിടക്കുന്നു ... ചെമ്പരത്തിയിലകളെ   മറന്നു ഞാന്‍ മുരിങ്ങ പൂവുകള്‍ പെറുക്കുവാന്‍ തുടങ്ങി..

മുരിങ്ങ പൂവുകള്‍ക്ക് ഒരു പ്രിത്യേക  ആകൃതിയാണ് ..ഒരു വിരല്‍ ഉയര്‍ത്തി നില്‍ക്കുന്ന ഒരു നാട്യ മുദ്രയേയോ മറ്റോ ഓര്‍മ്മിപ്പിക്കുന ഒരു ആകൃതി.

 ഇവിടെ വന്നതിനു ശേഷമാണ് മുരിങ്ങപ്പൂവുകള്‍ കറിവയ്ക്കാന്‍ പറ്റിയ ഒരു സാധനം ആണെന്ന് ഞാന്‍ മനസ്സിലാകിയത്. അതിനു മുമ്പ് മുരിങ്ങയുടെ കയ്കളെ കുറിച്ചും ഇലയെ കുറിച്ചും തോലിയെ കുറിച്ചും  ഒക്കെ മാത്രമേ ഞാന്‍   കേട്ടിരുന്നുള്ളു. ഇങ്ങനെ പോയാല്‍ നമ്മുടെ കല്പ വൃക്ഷമായ തെങ്ങിന് ഒരു മത്സരം ആവുമല്ലോ ഈ മുരിങ്ങ, എന്നാണ് ഞാന്‍ അത് കേട്ടപ്പോള്‍ ഓര്‍ത്തത്,

 ഒരു കണക്കിന് ഈ പ്രകൃതിയില്‍ ഒന്നും ഉപകാരമില്ലാതെയില്ല എല്ലാത്തിനും അതാതിന്റേതായ ക്രമം. അതിന്റെ കര്‍മം ഒക്കെയുണ്ട്..!! എന്തിനയാണോ താന്‍ ഉണ്ടാകപെട്ടിരിക്കുന്നത് അതില്‍  എത്തിച്ചേരാനുള്ള പരിശ്രമത്തില്‍ ആണ് എല്ലാം.. നമ്മുടെ ലക്‌ഷ്യം സ്വപ്നം എല്ലാം അതാണ്‌..!!

 കൈകുമ്പിളില്‍  നിറയെ മുരിങ്ങപൂകള്‍ പെറുക്കിയെടുത് .. ഞാന്‍ ഓര്‍ത്തു .. ഹായ് ഇവ  മുല്ലപ്പുക്കള്‍ പോലെ തോന്നുന്നല്ലോ..!! മുല്ലപ്പൂക്കള്‍  ആയിരുന്നെങ്കില്‍  എന്ന്!!... നാം ഇപ്പോഴും അങ്ങനെയാണല്ലോ.. ഗുണത്തെകാള്‍  ഏറെ ഇന്ദ്രിയങ്ങളുടെ തൃപ്തി ആണല്ലോ നമ്മെ പെട്ടന്ന് ആകര്‍ഷിക്കുന്നത്..ഗുണത്തിന്റെ കാര്യത്തില്‍ മുല്ലപ്പുകളെകാള്‍  എത്രയോ മേലെയാണ് മുരിങ്ങപ്പുക്കള്‍ . മനുഷ്യന്‍റെ വിശപ്പടക്കാന്‍ സാധിക്കുക.. അതും ഗുണപ്രദമായി ചെയ്യാന്‍ കഴിയുക എന്നതില്‍ കവിഞ്ഞു ഒരു പൂവിന്റെ ആത്മനിര്‍വൃതിക്ക്    മറ്റെന്തു വേണം?

നേരത്തെ എന്നെ സഹായിക്കാന്‍ നിനിരുന്ന ചേച്ചി പറയുമായിരുന്നു ആ പൂങ്കുലകള്‍ ഒന്നോടെ പറിച്ചെടുത്തു കറിവച്ചാല്‍ പോരെ എന്ന്.. എന്നാല്‍ എന്തോ എനിക്കതൊരു വേദനയായിരുന്നു.. ഞാന്‍ പറയും "ഓരോ പൂവും അതിന്റെ സ്വന്തം ഇഷ്ടത്തോടെ പൊഴിഞ്ഞു താഴേക്ക്‌ വരട്ടെ, വെറുതെ  നിലത്തു കിടന്നു അഴിയാതെ  ഞാന്‍ അവയെ പുതുമ കളയാതെ എടുത്തു പ്രയോജനത്തില്‍ കൊണ്ടുവന്നോള്ലാം" എന്ന്..പക്ഷെ പലപ്പോഴും അത് സംഭവിക്കാറില്ല പുഉവുകള്‍ പൊഴിഞ്ഞു കൊണ്ടേയിരിക്കും എങ്കിലും അവയുടെ ജീവിതത്തിനു ഒരു അര്‍ത്ഥമുണ്ടയതായി എനിക്ക് തോന്നും , ഒരു പൂവായി ഇരുന്നതിന്റെ പൂര്‍ണ ചക്രം തിരിഞ്ഞു താഴേക്ക്‌ വന്നതാണല്ലോ എന്ന്.. ഒരു കായ്ക്ക് ജന്മം  കൊടുക്കാന്‍ സാധിച്ചോ ഇല്ലയോ എന്നല്ല ..പകരം അതിന്റെ ആത്മ സാക്ഷത്കാരത്തില്‍ എത്തി ചേര്‍ന്നിരിക്കുന്നു എന്നൊരു ചിന്ത...!!
എത്ര പൂക്കളാണ്  സമൂഹത്തിന്റെ ഉയര്‍ത്തിക്കെട്ടിയ വേലികളില്‍ തട്ടി  പൊഴിഞ്ഞു വീഴുന്നത്.. എത്ര പൂവുകള്‍ ആണ് സമൂഹത്തിന്റെ ഭംഗി കൂട്ടാനിയി   മാത്രം സ്വത്വം തിരിച്ചറിയപെടാതെ പൂപാത്രങ്ങളില്‍ ഉള്ളു ചീഞ്ഞു മരവിച്ചു ചിരിച്ചു നില്‍ക്കുന്നത്..

ഞാന്‍ എന്തിനു മരത്തില്‍ കുലച്ചു കിടക്കുന്ന പൂകളെ ആക്രമിക്കണം.?. മരച്ചുവട്ടിലെ പച്ചപുല്ലില്‍ പവിഴങ്ങള്‍ പോലെ പൂവുകള്‍ ഒരു കെടും പറ്റാതെ മരം തന്നെ വാരി വിതറിയിട്ട് തരുമ്പോള്‍.!! പൂവുകള്‍ അവയുടെ എല്ലാ സന്തോഷങ്ങളും   അനുഭവിച്ചതിനു ശേഷം തൃപ്തരായി  എന്റെ കൈകളിലേയ്ക്ക് എത്തട്ടെ..!!

ഒരു പൂവിനു പോലും അവകാശമുണ്ട് അതിന്റെ ജന്മ സാഭല്യം നേടാന്‍ മനുഷ്യര്‍ക ഇത് ഇനി എന്നാണാവോ മാനസിലാകുക..!!
അവര്‍ കുട്ടികള്‍   ജനിക്കും മുമ്പേ പദ്ധതികള്‍ തയ്യാറാക്കുന്നു..!!  സമൂഹം     അവന്റെ വഴികളില്‍ എങ്ങും മുള്ള് വേലികള്‍ വലിച്ചു കെട്ടുന്നു.. മറ്റുള്ളവര്‍ അവന്റെ ലക്‌ഷ്യം, ജീവിതം എല്ലാം തീരുമാനിക്കുന്നു. എന്തിനു ? പ്രണയം പോലും അവര്‍ തീരുമാനിക്കും. ! അവനും  തീരുമാനങ്ങള്‍  എടുക്കാം എന്നാല്‍ അവനവനെ കുറിച്ചല്ല .. മറ്റുള്ളവരെക്കുറിച്ച്. !! എന്തൊരു വിരോധാഭാസം..!!
മനുഷ്യന്‍ നിരന്തരമായ ഇമോഷണല്‍  ബ്ലാക്ക്‌ മെയിലിങ്ങിനു വിധേയനായിക്കൊണ്ടിരിക്കുന്നു..!! തുടക്കം മുതല്‍ ഒടുക്കം വരെ. ഇരയും വേട്ടക്കാരനും അവന്‍ തന്നെ.. !! പിന്നെ ആര് ആരെ തിരുത്താന്‍..!!
 ഒന്നുങ്കില്‍  ഒഴുക്കില്‍ നീന്തി തീരുക.., ഇല്ലെങ്ങില്‍ തിരിച്ചു നീന്തി കല്ലേറുകള്‍ ഏറ്റു വാങ്ങാന്‍ തയ്യാറാകുക..ഇല്ലെങ്കില്‍ .. മുങ്ങാം കുഴിയിട്ട് നീന്തുക ആരും അറിയില്ല നീ എങ്ങോട്ടാണ് നീന്തുന്നത് എന്ന്..!! എന്നാല്‍ ശ്വാസം കഴിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യന് അതെങ്ങനെ സാധിക്കും?
ഇനി ഒന്നേ ചെയ്യാനുള്ളൂ..
മുരിങ്ങപ്പൂവുകള്‍  വീട്ടില്‍ കൊണ്ടുവച്ച് വന്നിട്ട് ചെമ്പരത്തിയിലകള്‍    പറിക്കുക അത്രതന്നെ..!!