നീ ഒരുപക്ഷെ ഓര്‍ക്കുന്നുണ്ടാവില്ല
പണ്ട് ഞാന്‍ നിനക്ക് തന്ന കുപ്പിവളകളെ പറ്റി
അമ്മ എനിക്ക് തന്നവയായിരുന്നു..അവ
വെള്ളിനിറത്തില്‍ ചുവന്ന പൂക്കളോടുകൂടിയ
ആ വളകള്‍ കയ്യില്‍ കിട്ടിയപ്പോള്‍
ഞാന്‍ ആദ്യം നിന്നെയാണ് ഓര്‍ത്തത്..
പൂവിതള് പോലത്തെ നിന്റെ കൈകളിലേക്ക് അത് തന്നപ്പോള്‍
നിന്റെ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു ,
നീ ചിരിച്ചു ... നിന്നെ സന്തോഷിപ്പിക്കാന്‍
എന്തും ചെയ്യാന്‍ എനിക്കിഷ്ടമായിരുന്നു
പിന്നെ സ്കൂളിനു പിന്നിലെ ആ പരന്ന കല്ലില്‍ കയറിയിരുന്നു നീയതു ഓരോന്നായി പൊട്ടിച്ചത് , എന്നെ നോക്കി ചിരിച്ചത്..
നീ അപ്പോള്‍ പറഞ്ഞതൊന്നും ഞാന്‍ കേട്ടിരുന്നില്ല
എന്‍റെ കണ്ണില്‍ വന്ന നനവ് നീ കണ്ടിരിക്കില്ല.
നമ്മള്‍ തിരിച്ചു പോന്നപ്പോള്‍
നീ കാണാതെ ഞാനാ വളപ്പോട്ടുകളില്‍ പാളിനോക്കിയിരുന്നു
പിന്നെയെപ്പോഴോ ഞാന്‍ അവ പെറുക്കിയെടുക്കാനും ശ്രമിച്ചിരുന്നു
നീ ഇത് വല്ലതും ഓര്‍ക്കുന്നുണ്ടോ?
അല്ല! നീയിതു എവിടെപ്പോയി ?