Tuesday, January 10, 2017

കനൽ

നീ കണ്ണാടിയിൽ നോക്കുമ്പോൾ 

ഇന്നു നിന്നെ  തിരികെ നോക്കുന്നകണ്ണുകളിൽ
പാതി എന്റേതാണ്.

കൈവെള്ളയിൽ  പൊടിയുന്ന വിയർപ്പിനാൽ
നിയവിടിവിടെ പതിപ്പിക്കുന്ന  വിരൽപാടുകളിൽ എന്റെ ഗന്ധമുണ്ട്.

തുടച്ചുമാറ്റാൻ ആകാത്ത വിധത്തിൽ 
നിന്റെ നെറ്റിയിൽ   തെളിയുന്ന ചിരിവരകളിൽ, 
മുഖത്തു തെളിയുന്ന പ്രസാദത്തിൽ 
നിവർത്തി പിടിച്ചിരിക്കുന്ന നട്ടെല്ലിൽ 
ചിന്തകളിൽ, വാക്കുകളിൽ ,രക്തത്തിൽ 
നിന്നെ ഈ നീ ആയി കാണുന്ന  വെളിച്ചത്തിൽ 
നിന്റെ ഏകാന്തമായ ഇരുട്ടിൽ 

വെട്ടത്തിനു മനഃപൂർവം നീ പുറം തിരിഞ്ഞു നിൽക്കുമ്പോൾ 
നിന്നെ നിലതെഴുതുന്ന നിഴലിൽ 
ഒറ്റക്കിരിക്കുമ്പോൾ നീ പാടുന്ന പാട്ടുകളിൽ 
ഒക്കെ ഞാൻ  ഉണ്ടാകും 

അത് നിനക്കും അറിയാം എന്നെപോലെ,
ഒരുപക്ഷെ എന്നിലുമേറെ!
പ്രണയപാരവശ്യത്തിൽ  നീ കലഹിച്ചപ്പോഴൊക്കെയും 
പകുത്തു പകുത്തു തന്നതാണ് ഞാൻ എന്നെത്തന്നെ!
ഇപ്പോഴെനിക്ക് എന്റെപാതിയില്ല എന്ന് ഞാൻ തിരിച്ചറിഞ്ഞപ്പോൾ
 മറുപാതിയുമായി നീ പോയത് എന്തിനാണ്? 
എത്രദൂരം നിനക്ക് തനിയെ നടക്കാനാകും?
 മുഴുവനായും ഞാൻ നിനക്ക് തന്നിരുന്നതല്ലേ?

ഞാൻ ഇല്ലാതെ നീ തണുത്തു  മരവിച്ചു പോകുന്ന അനതിദൂരഭാവി എന്നെയും പേടിപ്പിക്കുന്നുണ്ട്.എങ്കിലും നിന്നെ ഞാൻ തടയില്ല!
പിന്തിരിഞ്ഞു നോക്കാതെ നീ നടക്കുമ്പോൾ ഒരു പിൻവിളി പോലും എന്നിൽ നിന്നും ഉയരില്ല!

 എത്ര മുറിച്ചാലും  പൂർണ്ണയായി തുടരുന്ന  അഗ്നിയാണ് ഞാൻ!
എരിഞ്ഞു  കത്തുന്ന കനൽ ആയി ഞാൻ ഇവിടെ ഉണ്ടാകും  ,
ഒരു കാറ്റ് വെറുതെ തിരിഞ്ഞു നോക്കിയാൽ ആളിപ്പടരുന്ന  തീ 
എപ്പോഴും  എന്നപോലെ ഇപ്പോഴും എന്റെ ഉള്ളിൽ ഉണ്ട്.!

ഇലകളിൽ മഞ്ഞു  വീഴുന്ന ശബ്‍ദത്തിന്നു വല്ലാത്ത  മുഴക്കം !
നീ കുടയും വിളക്കും എടുത്തിട്ടുണ്ടല്ലോ അല്ലെ?

ചേമ്പില


ചേമ്പില
ഒരു പച്ച ഹൃദയം ...
ഒന്നിനും തൊടാനാവാതെ

ഒന്നിനെയും അറിയാതെ
ആ മിഴി നീര്‍കണം  ഈ   ഹൃദയത്തില്‍ വീഴട്ടെ!!

രജതരേണുവായി  അത് എന്നില്‍ ഒഴുകി നടക്കും 
ആഴത്തില്‍ മുങ്ങി വെള്ളത്തിലെ വെയിലേറ്റു 
എന്നിലെ  വെള്ളി ഞരമ്പുകള്‍ പിടയ്ക്കുമ്പോള്‍  
ഞാന്‍ നഞ്ഞെന്നു നിങ്ങള്‍  കരുതും

പൊന്തിവരുമ്പോള്‍ ഞാന്‍  എന്നും പഴയപടി   
ഞാന്‍ ഇങ്ങനെ ഉണ്ടാക്കപെട്ടതാണ്
കൂടുതല്‍ അറിഞ്ഞാല്‍, നനഞ്ഞാല്‍.. 
ഓളങ്ങളില്‍ മുങ്ങി പോയേക്കാം.

പെരുമഴകള്‍... ഇരമ്പി പാഞ്ഞു വന്നുകൊണ്ടേയിരിക്കുന്നു.

Wednesday, March 28, 2012

അപനിര്‍മ്മാണം

എന്‍റെ പ്രണയം
അതിന്റെ ഓരോ അണുവിലും
എരിയുന്ന അഗ്നിയെ എന്നപോലെ അറിയുന്ന തീവ്രതയാണ് നീ

എന്നിലെ ജീവന്റെ നാളത്തെ
നീ നോക്കിയപ്പോള്‍ മാത്രമാണ് അതിന്റെ സ്ത്രൈണത
ഞാന്‍ പോലും അറിയുന്നത്

ജീവിതം ഒരു നാടകം ആണെന്ന് പറഞ്ഞ മഹാന് സ്തുതി
അങ്ങനെയാനെങ്ങില്‍
എനിക്ക് അതില്‍ നീയാടുന്ന വേഷത്തിന്റെ ഒരു നിഴലായാല്‍ മതി
ജീവിതം ഒരു കുമിളയാണെങ്കില്‍ 
നിന്റെ വിരല്‍ തുമ്പ് കൊണ്ട് മാത്രം പോട്ടി പോയാല്‍ മതിയെനിക്ക്.

നേര്‍ വരകളിലൂടെയുള്ള   നടപ്പ് എന്നെ മടുത്ത ഞാന്‍ 
നീയാകുന്ന വെളുപ്പും കറുപ്പും  വരകള്‍ക്കിടയില്‍
നിറമുള്ള ചായപെന്സിലുകള്‍ കൊണ്ട് സന്തോഷത്തോടെ..കോറി വരച്ചുകൊണ്ടിരിക്കുന്നു  , അത്ഭുതമല്ലേ?

നീ എന്തുകൊണ്ട് എനിക്ക് ബന്ധനം ആകുന്നില്ല ?
കാരണം എന്നെ തന്നെ സംരക്ഷിക്കുന്ന കവച്ചമാണ്‌  എനിക്ക് നീ.

ചട്ടകൂടുകളെ വെറുക്കുന്ന ഞാന്‍
 എങ്ങനെ നീയാകുന്ന കൂട്ടില്‍ ഒതുങ്ങാന്‍ ആഗ്രഹിക്കുന്നു?
എങ്ങനെ എന്‍റെ ചിറകുകളുടെ ആകാശമാകുന്നു നീ?

ഒരു നീര്‍ത്തുള്ളി ആയെങ്ങില്‍
നിന്റെ നെറ്റിയില്‍ പൊടിയുന്ന ഒരു പ്രസവേദബിന്ദു  ആയാല്‍ മതിയെനിനിക്ക്
നിന്റെ മൂക്കിന്‍ തുമ്പിലൂടെ ചുണ്ടുകളുടെ വെളുംബിലൂടെ ഒലിച്ച്
ഞാന്‍ മണ്ണില്‍ വീണു  അടിഞ്ഞോലാം

ഒരു വരയായി മാറാന്‍ സാധിച്ചാല്‍
നിന്റെ കൈവെള്ളയുടെ ഒത്ത നടുക്കുള്ള  
 ആ  ഹൃദയരേഖയായാല്‍   മതിയെനിക്ക്

പ്രണയം  അങ്ങനെ ആയിരിക്കാം
എന്നെ തന്നെ ഉടച്ചരച്ചു    
നിന്നില്‍  ലയിപ്പിക്കുന്ന എന്തോ ഒന്ന് അതില്‍ ഉണ്ടായിരിക്കാം 

ആശ്ചര്യം..!!
ഞാനും  അപനിര്‍മ്മാണം ഇഷ്ടപെടുന്നുവോ? 

Wednesday, September 28, 2011

വിരുന്നുകാരന്‍

ഔചിത്യം തീരെയില്ലാത്ത വിരുന്നുകാരനെ കാത്തു

മരച്ചുവടുകളില്‍ മഴയും നഞ്ഞു ഞാനും നടക്കുന്നു.

 മഴയോടെനിക്ക് പ്രണയമാണ്, കടലിനോടും അതെ

എങ്കിലും അവനെ തന്നെയാണ് കാത്തിരിക്കുന്നത് താനും 
 
ഇന്നലെയും ഇന്നും നാളെയും

അവന്‍ എന്നും ഉണ്ടാകും

നീണ്ടു മുന്നോട്ടുകിടക്കുന്നു എന്ന് തോന്നുന്ന വഴിയില്‍

ഏതു വളവിലാണ് അവന്‍ എന്നെക്കാത്ത് ഒളിച്ചിരിക്കുന്നത്

 അവനെ കാണാത്തവര്‍ക്ക് അവനെ കാണാന്‍ കാഴ്ചയില്ല
കണ്ടുമുട്ടുന്നവരാകട്ടെ കണ്ണടക്കുന്നു

ആരോട് ചോദിക്കും  ഞാന്‍ അവനെ പറ്റി

ആര്‍ക്കും അറിയില്ലല്ലോ അവനെ


തൊട്ടു നില്‍ക്കുമ്പോള്‍ പോലും ആരുടേയും കണ്ണില്‍ പെടാതെ എങ്ങനെ ആണവന്‍  ഒളിച്ചു കളിക്കുന്നത്

പുരസ്ക്കരങ്ങളുടെ തിളകമോ, തോങ്ങലോ  ഇല്ലാതെ തന്നെ അവന്‍ പ്രശസ്തനാണ്

എന്നിട്ടും ആരും  അവനെ തിരിച്ചറിയുന്നില്ലല്ലോ..

 അവനെ  തീവ്രമായി മോഹിച്ചു  കാത്തിരുന്ന 
 രാത്രികള്‍  എത്ര ..പകലുകള്‍ എത്ര..

വിരലുകളില്‍ നിറങ്ങള്‍  പടരുന്നതിന് മുമ്പേ 
എന്നെ കൂടെകൂട്ടൂ എന്ന് ചോദിച്ചത് എത്ര തവണ.. 
എന്റെ ചഷകം ദൂരെ ഇരിക്കെ തന്നെ ..

 രാത്രികളില്‍ ഇപ്പോഴും


ആകാശങ്ങളിലെ നക്ഷത്രങ്ങളുടെ എണ്ണം കൂടിയും

കുറഞ്ഞും കൊണ്ടേ ഇരിക്കുന്നത് ഞാന്‍ കാണുന്നു.