Tuesday, January 10, 2017

കനൽ

നീ കണ്ണാടിയിൽ നോക്കുമ്പോൾ 

ഇന്നു നിന്നെ  തിരികെ നോക്കുന്നകണ്ണുകളിൽ
പാതി എന്റേതാണ്.

കൈവെള്ളയിൽ  പൊടിയുന്ന വിയർപ്പിനാൽ
നിയവിടിവിടെ പതിപ്പിക്കുന്ന  വിരൽപാടുകളിൽ എന്റെ ഗന്ധമുണ്ട്.

തുടച്ചുമാറ്റാൻ ആകാത്ത വിധത്തിൽ 
നിന്റെ നെറ്റിയിൽ   തെളിയുന്ന ചിരിവരകളിൽ, 
മുഖത്തു തെളിയുന്ന പ്രസാദത്തിൽ 
നിവർത്തി പിടിച്ചിരിക്കുന്ന നട്ടെല്ലിൽ 
ചിന്തകളിൽ, വാക്കുകളിൽ ,രക്തത്തിൽ 
നിന്നെ ഈ നീ ആയി കാണുന്ന  വെളിച്ചത്തിൽ 
നിന്റെ ഏകാന്തമായ ഇരുട്ടിൽ 

വെട്ടത്തിനു മനഃപൂർവം നീ പുറം തിരിഞ്ഞു നിൽക്കുമ്പോൾ 
നിന്നെ നിലതെഴുതുന്ന നിഴലിൽ 
ഒറ്റക്കിരിക്കുമ്പോൾ നീ പാടുന്ന പാട്ടുകളിൽ 
ഒക്കെ ഞാൻ  ഉണ്ടാകും 

അത് നിനക്കും അറിയാം എന്നെപോലെ,
ഒരുപക്ഷെ എന്നിലുമേറെ!
പ്രണയപാരവശ്യത്തിൽ  നീ കലഹിച്ചപ്പോഴൊക്കെയും 
പകുത്തു പകുത്തു തന്നതാണ് ഞാൻ എന്നെത്തന്നെ!
ഇപ്പോഴെനിക്ക് എന്റെപാതിയില്ല എന്ന് ഞാൻ തിരിച്ചറിഞ്ഞപ്പോൾ
 മറുപാതിയുമായി നീ പോയത് എന്തിനാണ്? 
എത്രദൂരം നിനക്ക് തനിയെ നടക്കാനാകും?
 മുഴുവനായും ഞാൻ നിനക്ക് തന്നിരുന്നതല്ലേ?

ഞാൻ ഇല്ലാതെ നീ തണുത്തു  മരവിച്ചു പോകുന്ന അനതിദൂരഭാവി എന്നെയും പേടിപ്പിക്കുന്നുണ്ട്.എങ്കിലും നിന്നെ ഞാൻ തടയില്ല!
പിന്തിരിഞ്ഞു നോക്കാതെ നീ നടക്കുമ്പോൾ ഒരു പിൻവിളി പോലും എന്നിൽ നിന്നും ഉയരില്ല!

 എത്ര മുറിച്ചാലും  പൂർണ്ണയായി തുടരുന്ന  അഗ്നിയാണ് ഞാൻ!
എരിഞ്ഞു  കത്തുന്ന കനൽ ആയി ഞാൻ ഇവിടെ ഉണ്ടാകും  ,
ഒരു കാറ്റ് വെറുതെ തിരിഞ്ഞു നോക്കിയാൽ ആളിപ്പടരുന്ന  തീ 
എപ്പോഴും  എന്നപോലെ ഇപ്പോഴും എന്റെ ഉള്ളിൽ ഉണ്ട്.!

ഇലകളിൽ മഞ്ഞു  വീഴുന്ന ശബ്‍ദത്തിന്നു വല്ലാത്ത  മുഴക്കം !
നീ കുടയും വിളക്കും എടുത്തിട്ടുണ്ടല്ലോ അല്ലെ?

No comments:

Post a Comment