Saturday, January 14, 2017

സൈറാ ഒരു പ്രണയക്കഥ

നൈമിഷീകവും അത്രത്തോളം തന്നെ തീവ്രവും ആയ പ്രണയം ! അതായിരുന്നു  സൈറയുടെ പ്രണയം!
ഒന്നിൽ നിന്ന് മറ്റൊന്നിലേക്കു ഒരു നിലാവ് പടരുന്നത്  പോലെ നദി ഒഴുകുന്നത് പോലെ അവൾ ഒഴുകി നടന്നു. ലോകത്തു ഒരു സാമൂഹിക ബുദ്ധിക്കും ചിന്തക്കും ഒരു ചട്ടക്കൂട്ടിലും ഒതുക്കാൻ കഴിയുന്നതായിരുന്നില്ല അത് .

അവൾ അവളിലെ പ്രണയത്തെ തന്നെ ആയിരുന്നിരിക്കണം പ്രണയിച്ചത്! എന്നാൽ തനിക്കു എന്താണ് സംഭവിക്കുന്നത് എന്ന് പലപ്പോഴും അവൾ ചിന്തിച്ചു വരുമ്പോഴേക്കും അത് അവളെ വിഴുങ്ങി കളഞ്ഞിരിക്കും!
ആലോചനകൾക്കതീതമായി  മനുഷ്യചിന്തയേക്കാൾ വേഗം  എത്തുന്ന പ്രണയം. 
 ശരീരങ്ങൾക്കതീതമായിരുന്നു അവളുടെ പ്രണയം,  ഒരാളോട് പ്രണയത്തിൽ ആയിരിക്കുമ്പോൾ അവൾ പ്രകൃതിയിലും പ്രപഞ്ചത്തിലും പരാശക്തിയിലും ഒക്കെഅവനെ കണ്ടു. അവനെകുറിച്ചുള്ള ചിന്തകളിൽ അവളുടെ ഹൃദയമിടിപ്പുകൾ നെഞ്ചുകൂട് തുളച്ചു ഭൂമിയെ പ്രകമ്പനം കൊള്ളിച്ചു!  നിറങ്ങളിൽ സ്വപ്നങ്ങളിൽ, പാടുന്ന പാട്ടുകളിൽ, കേൾക്കുന്ന വരികളിൽ ഒക്കെ അവൻ മാത്രം.  പ്രണയം ഭക്ഷണമാക്കി ശ്വാസമാക്കി അവൾ. എന്നാൽ  സമയത്തിന്റെ ചെറിയ കറക്കങ്ങൾക്കപ്പുറം  കാഴ്ചയുടെ നിലാവിനപ്പുറം അത് മങ്ങി രൂപാന്തരം പ്രാപിക്കുന്നു. 

 അഭിസാരികയെന്നും, ദുർനടപ്പുകാരിയെന്നും  സഹസ്രനാമങ്ങൾ വിളിച്ചും   ഉരുവിട്ടും ലോകം അവളെ ആഘോഷിച്ചു. ലോകത്തിനു അതിൽ കൂടുതൽ ഒന്നും കാണാൻ ഉള്ള ശേഷി ഉണ്ടായിരുന്നില്ല . ഒരു പ്രണയം അസ്തമിക്കുമ്പോൾ അപ്പോൾ തന്നെ മറ്റൊന്ന് അവളിൽ ഉദിക്കുന്നു . സത്യത്തിൽ പ്രണയം അല്ല അസ്തമിക്കുന്നതെന്നും അത് പ്രതിഫലിപ്പിക്കുന്ന കണ്ണാടികൾ മാത്രമാണ് ഒഴുകിമാറുന്നതെന്നും ആർക്കും മനസ്സിലായില്ല ഒരു പക്ഷെ അവൾക്കു പോലും .ഒരു സമയം ഒന്നിൽ മാത്രം അവൾ അലിഞ്ഞു ചേർന്നു  എന്നാൽ ആ സമയം  ചില മണിക്കൂറുകളോ നിമിഷങ്ങളോ മാത്രം ആയിരുന്നിരിക്കും. വീണ്ടും  വീണ്ടും പ്രണയങ്ങളിൽ അവൾ പുനർജനിച്ചുകൊണ്ടിരുന്നു.

ഇവൾ എന്താണിങ്ങനെ? എന്ന് പരസ്പരം ചോദിക്കാത്തവർ ഉണ്ടായിരുന്നില്ല , ചോദ്യങ്ങൾ ചോദിച്ചവരും വിമർശിച്ചവരും ഒരുമിച്ച് അവളെ പ്രണയിച്ചു , മുൻപിൽ നിന്ന് പ്രണയിക്കാൻ കഴിയാത്തവർ  ഒളിഞ്ഞിരുന്നു പ്രണയിച്ചു . അവനവന്റെ മനസ്സിന്റെ  കയങ്ങളിൽ അവളോടുള്ള അഭിനിവേശം ചെളിയിൽ പൂഴ്ത്തിവയ്ക്ക്കാൻ  കഴിയാതെ, അവളെ സ്വന്തമാക്കാനാകാത്ത നീറ്റലിൽ  വെന്ത്,  അവർ  ആ ചെളി അവൾക്കു നേരെ എറിഞ്ഞു കൊണ്ടിരുന്നു. എന്നിട്ടും പോരാഞ്ഞു അവളെ ലോകത്തിനു മുന്നിൽ വലിച്ചു കീറി ,ചവിട്ടി ഉടക്കാൻ ശ്രമിച്ചു, എങ്കിലും മുറിവുകളോടെ ശരീരത്തിൽ പൊടിയുന്ന രക്ത രേണുക്കളോടെ അവൾ ജ്വലിച്ചു നിന്നു.

ജീവിതത്തോട് തന്നെ ഉള്ള അടങ്ങാത്ത അഭിനിവേശമോ?  നല്ലതെന്തിനോടും  ഉള്ള പ്രണയമോ എന്തോ അവളെ അങ്ങനെയാക്കി!

പ്രണയം ദിവ്യമായിരുന്നു അവൾക്ക്, എന്നാൽ  അത് നിത്യമാണെന്നു അവൾ എഴുതി ചേർത്തിരുന്നില്ല. അവൾ പ്രണയിച്ചവരും ഏറെക്കുറെ അങ്ങനെ തന്നെ ആയിരുന്നു എന്ന് വേണം കരുതാൻ! അല്ലെങ്കിൽ തന്നെ പ്രണയം അലയടിക്കുന്ന ആ വലിയ കണ്ണുകളിൽ  വീണുമരിക്കാൻ  ആരാണ് ആഗ്രഹിക്കാത്തത്? അവൾ ആത്മാർത്ഥമായി തന്നെ ഓരോരുത്തരെയും പ്രണയിച്ചു,  കാഴ്‌ചയുടെ നേരിൽ വീണ്ടും വീണ്ടും!

കാറ്റിനാണോ മഴയ്ക്കണോ ഭംഗി ! കാമുകന്റെ മാറിൽ ഒരു പൂവ് പോലെ ചേർന്നിരുന്നു അവൾ ചോദിച്ചു, ഉത്തരം  അവൾക്കറിയില്ലായിരുന്നു കാരണം കാറ്റിനെയും മഴയെയും അവൾ ഒരുപോലെ പ്രണയിച്ചിരുന്നു 
കാറ്റുപോലെ മഴ പോലെ ഒരിക്കലും ആർക്കും പിടിച്ചു നിർത്താനാവാത്ത,  സ്വന്തമാക്കാനാവാത്ത, എല്ലാവരും ആസ്വദിക്കുന്ന ഒന്നായിരുന്നല്ലോ അവളുടെ പ്രണയവും.

എങ്കിലും ഒരു അഭിനയത്രി എന്ന നിലയിൽ വളർന്നു കയറാൻ ഒരിക്കലും അവൾ തന്റെ പ്രണയത്തെ ഉപയോഗിച്ചില്ല, ഒരായിരം അവസരങ്ങൾ ഉണ്ടായിരുന്നിട്ടും!  പലപ്പോഴും പ്രണയങ്ങൾക്കു വേണ്ടി അവൾ പല ഉയർച്ചകളും വേണ്ടന്നു വച്ചു .

എങ്കിലും അവളിലെ കഴിവിനേ ലോകം തിരിച്ചറിഞ്ഞു. കഥാപാത്രങ്ങളായി നിമിഷങ്ങൾക്കുള്ളിൽ ഉരുകിച്ചേരാനുള്ള അവളുടെ കഴിവ് അംഗീകരിക്കാതിരിക്കാൻ ആർക്കും  ആവില്ലാ യിരുന്നു.  എന്നാൽ അതൊന്നും അവൾക്കു അഭിനയമായിരുന്നില്ല, ജീവിതം തന്നെ ആയിരുന്നു. ഓരോരോ ചെറിയ ചെറിയ തീവ്ര ജീവിതങ്ങൾ ! പലപ്പോഴും .  ചെറിയ ഷോർട്ടുകളുടെ പ്രേതങ്ങൾ അവളുടെ ജീവിതത്തിലേക്കും പടർന്നു, ഒരായിരം പ്രണയിനിമാരായി ഒരു ജന്മത്തിൽ അവൾ ന്നെ തന്നെ പടർത്തിയിട്ടു. അഴിച്ചിട്ട കേശഭാരത്തിലെ മുടിച്ചുരുളുകൾ പോലെ നെറ്റി ജ്വലിച്ചുനിൽക്കുന്ന  വലിയ പൊട്ടിലെ കുങ്കുമ തരികൾപ്പോലെ  അവ ഒന്നിച്ചു നിന്ന് അവളായിമാറി.


ഇന്നലെ  രാത്രി  അവൾ ഏതോ ഇരുട്ടിൽ അവസാനമായി കണ്ണടച്ചപ്പോൾ നിലാവും മഴയും ഒന്നിച്ചുവന്നിരുന്നു, നിലാവ് തുളുമ്പിയ ആ രാത്രി അവൾ മരണത്തെയും പ്രണയിച്ചു പോയിരുന്നിരിക്കാം, ചില നിമിഷങ്ങളിലേക്കുമാത്രം ...പക്ഷേ ..!

-2000 

No comments:

Post a Comment