കാലം ഒരു നീരൊഴുക്കു പോലെയാണത്രെ
പോയാല്‍ പിന്നെ തിരിച്ചുകിട്ടാത്ത നീരൊഴുക്ക്..എന്നാല്‍ പൊയ്‌പ്പോയ നീരെല്ലാം എങ്ങോട്ടാണോ പോകുന്നത്.. അങ്ങോട്ടേയ്ക്ക് പോകാന്‍ എനിക്കൊരു ഊഞ്ഞാൽ കിട്ടി.
ഉയല്‍ ആടിയപ്പോള്‍ ഞാന്‍ അറിഞ്ഞിരുന്നില്ല
എങ്ങോട്ടാണ് പോകുന്നതെന്ന്.
ഒര്മ്മയുടെ ഓളങ്ങളില്‍ മഞ്ഞു തലോടി
കാറ്റ് ഉറങ്ങുന്ന ഒരു മലഞ്ചെരിവ് ഞാന്‍ കണ്ടു.
മൺ ചിരട്ടയ്ക്കുള്ളില്‍ വട്ടയിലയിൽ പൊതിഞ്ഞു
ഏറ്റവുംപ്രിയപ്പെട്ടതെന്തോ അവിടെ അവിടെ തുടിച്ചു .
താഴ്വരയിലെ തണുത്ത പാറക്കൂട്ടത്തിൽ
ഇരുട്ടില്‍ അകലെ ഒരു മിന്നാമിനുങ്ങ് !
കാലത്തിൻറെ മടക്കുകളില്‍ എൻ്റെ വിരൽ തൊട്ടപ്പോൾ
മൂടിക്കിടന്ന പവിഴപുറ്റുകള്‍ നിശ്വസിച്ചുണർന്നു
പ്രകാശത്തള്ളലിൽ എൻ്റെ കാഴ്ച്ച ഉരുകിത്തെളിഞ്ഞു.
ഇവിടെ,.. ഇവിടെ മറന്നുവച്ചിരുന്നു ഞാനെന്തോ !
നിറങ്ങള്‍ കൊണ്ട് മൂടിയതായി മാറി പിന്നെ ലോകം..
നിലാവിൻറെ ഒരു വേലിയേറ്റം!
എൻ്റെ പാദം നനച്ചുകൊണ്ട് ആത്മാവിൻറെ പാതി കൊണ്ടുപോയ കടല്‍ അതെനിക്ക് തിരിച്ചു തന്നു.....
ഞാന്‍ എന്നെത്തന്നെ കടല്‍ തിരകളില്‍ കണ്ടു.
എങ്കിലുംമാവിൻതുഞ്ചത്തു തൊട്ട ഊഞ്ഞാലിനു
തിരികെ പോവാതിരിക്കാൻ ആവില്ലല്ലോ !